Monday 27 April 2015

സമയം ആരെയും കാത്തിരിക്കില്ല.

കഴിഞ്ഞുപോയത്‌ തിരിച്ചു വരികയുമില്ല. സെക്കന്റുകളും മിനുട്ടുകളുമായി അത്‌ അനൂസ്യൂതം ഒഴുകിക്കൊണ്ടിരിക്കും. ദുഃഖമാകട്ടെ, സന്തോഷമാകട്ടെ ഒന്നിന്‌ വേണ്ടിയും അത്‌ കാത്തിരിക്കില്ല. നമ്മുടെ ജീവിതവും, വയസ്സും അങ്ങിനെത്തന്നെ, ഒരു കവിയുടെ ഭാഷയില്‍മനുഷ്യ ഹൃദയത്തിന്റെ മിടിപ്പ്‌ അവനോട്‌ പറയുന്നത്‌ തീര്‍ച്ചയായും ജീവിതം മിനുട്ടുകളും, സെക്കന്റുകളുമാണ്‌ എന്നാണ്‌.സമയം പെട്ടെന്ന്‌ തീര്‍ന്നുപോകും.മേഘം സഞ്ചരിക്കും പോലെ, കാറ്റിന്റെ വേഗത്തില്‍ അത്‌ തീര്‍ന്നു പോയിക്കൊണ്ടിരിക്കും. സന്തോഷം നല്‍കുന്ന സമയങ്ങള്‍ വളരെ പെട്ടെന്ന്‌ തീര്‍ന്നുപോകുന്നതായി അനുഭവപ്പെടും. ദുഃഖവും, വേദനകളും സംഭാവന നല്‍കുന്ന സമയം മെല്ലെ നീങ്ങുന്നതായി നമുക്ക്‌ അനുഭവപ്പെടും. അത്‌ തോന്നലാണ്‌. യഥാര്‍ഥത്തില്‍ മാറ്റമില്ല.കൂട്ടുകുടുംബങ്ങളും സ്‌നേഹജനങ്ങളും കൂടി കഴിയുമ്പോള്‍ കൊല്ലങ്ങള്‍ കഴുഞ്ഞുപോയത്‌ ദിവസങ്ങള്‍ക്ക്‌ തുല്യമായാണ്‌ തോന്നുക. തമ്മില്‍ തെറ്റി അകന്നപ്പോള്‍ ആ ദിനങ്ങള്‍ കൊല്ലങ്ങളായി തോന്നി. ആ കാലവും, ആള്‍ക്കാരും മണ്‍മറഞ്ഞപ്പോള്‍ ആ കാലവും, അതില്‍ ജീവിച്ചിരുന്നവരും സ്വപ്‌നങ്ങളായി.എല്ലാ ജീവികളുടെയും അന്ത്യം മരണമായതിനാല്‍ എത്ര കാലം ജീവിച്ചാലും അത്‌ വളരെ ചുരുങ്ങിയത്‌ തന്നെയാണ്‌. കുറഞ്ഞ സമയം മാത്രമായിട്ടാണ്‌ അനുഭവപ്പെടുക. ഒരു മിന്നല്‍ പിണര്‍പോലെ.നൂഹ്‌ നബി (അ)ന്റെ ചരിത്രത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു: അദ്ദേഹത്തിന്റെ അടുക്കല്‍ മരണത്തിന്റെ മാലാഖവന്നു, മരിപ്പിക്കാന്‍. ജല പ്രളയത്തിന്‌ മുമ്പും ശേഷവുമായി ആയിരം വര്‍ഷം ജീവിച്ച അദ്ദേഹത്തോട്‌ മലക്ക്‌ ചോദിച്ചു:ദീര്‍ഘ കാലം ജീവിച്ച പ്രവാചകരേ, ദുന്‍യാവ്‌ നിങ്ങളുടെ വീക്ഷണത്തില്‍ എങ്ങിനെയുണ്ടായിരുന്നു? അദ്ദേഹം പറഞ്ഞു: രണ്ട്‌ വാതിലുള്ള ഒരു വീട്‌ പോലെ. ഞാന്‍ ഒരു വാതിലില്‍ കൂടി അകത്ത്‌ കടന്നു. അടുത്ത വാതിലില്‍ കൂടി പുറത്ത്‌ പോരുകയും ചെയ്‌തു.ഈ റിപ്പോര്‍ട്ട്‌ ശരിയായാലും, തെറ്റായാലും അത്‌ ഒരു സത്യം വിളിച്ചറിയിക്കുന്നു. മരണത്തിന്റെ മുമ്പില്‍ എത്രകാലം പിന്നിട്ടാലും അതങ്ങനെയാണ്‌. അത്‌ പോലെ ലോകം അവസാനിക്കുമ്പോഴാണ്‌ മനുഷ്യന്‌ നഷ്‌ടപ്പെട്ട ജീവിതത്തിന്റെ ചെറുപ്പം ബോധ്യമാകുക. അല്ലാഹു പറയുന്നു:അതിനെ അവര്‍ കാണുന്ന ദിവസം, ഒരു വൈകുന്നേരമോ, ഒരു പ്രഭാതമോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചു കൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും. (അവര്‍ക്കനുഭവപ്പെടുക) (നാസിആത്ത്‌ : 46)പകലില്‍ നിന്നു ഒരു നാഴിക (സമയം) അല്ലാതെ അവര്‍ (മുമ്പ്‌) കഴിച്ചുകൂട്ടിയിട്ടില്ലെന്നോണം അവരെ അവന്‍ (അല്ലാഹു) ഒരുമിച്ചു കൂട്ടുന്ന ദിവസം അവര്‍ തങ്ങള്‍ക്കിടയില്‍ അന്യോന്യം അറിയുന്നതാണ്‌. (യൂനുസ്‌ : 45)സമയത്തിന്റെ ഏറ്റവും അത്ഭുതകരമായ പ്രത്യേകത കഴിഞ്ഞുപോകുന്ന ഒരു ദിവസവും, മണിക്കൂറും സെക്കന്റും ഒന്നും ഒരിക്കലും തിരിച്ചു വരുകയില്ലെന്നുള്ളതാണ്‌. ഹസന്‍ ബസ്വരിയുടെ പ്രസിദ്ധായ ഒരു വാക്ക്‌ ഏറെ ചിന്താര്‍ഹമാണ്‌. ഓരോ പ്രഭാതം പൊട്ടിവിടരുമ്പോഴും അത്‌ വിളിച്ചു പറയുന്നു: മനുഷ്യാ, ഞാന്‍ ഒരു പുതിയ സൃഷ്‌ടിയാണ്‌. നിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാക്ഷിയാണ്‌. എന്നില്‍ നിന്നു താങ്കള്‍ കൂടുതല്‍ നേടുക, പഠിക്കുക. ഞാന്‍ പോയാല്‍ ലോകാവസാനം വരെ ഒരിക്കലും തിരിച്ചുവരില്ല.ഹസന്‍ ബസ്വറിയുടെ ഈ വാക്ക്‌ പ്രവാചകന്മാരുടെ വചനങ്ങള്‍ക്ക്‌ തുല്യമായ വാചകമാണെന്ന്‌ ഇമാം സൈനുല്‍ ആബിദീന്‍ പറഞ്ഞിരിക്കുന്നു. കവികള്‍ പാടുന്നതിങ്ങനെ.യുവത്വം തിരിച്ചുവന്നിരുന്നെങ്കില്‍ നര ചെയ്‌ത കാര്യങ്ങള്‍ ഞാന്‍ അതിന്‌ വിവരിച്ചുകൊടുക്കുമായിരുന്നു. ആയുവത്വം ഒരിക്കലും തിരിച്ചു വരില്ലല്ലൊ. അതാണ്‌ സമയം.ഓരോ നിമിഷം കഴിയും തോറും മനുഷ്യന്‍ ക്വബ്‌റിലേക്ക്‌ അടുത്തു കൊണ്ടിരിക്കുന്നു.അമൂല്യധനംസമയം വേഗത്തില്‍ കഴിഞ്ഞുപോകുന്നതും ഒരിക്കലും തിരിച്ചു വരാത്തതും ഒന്നിനെയും പകരമാക്കാന്‍ പറ്റാത്തതുമായതിനാല്‍ അതിന്റെ വിലമതിക്കാന്‍ സാധിക്കുകയില്ല. മനുഷ്യന്റെ സകല പ്രവര്‍ത്തനങ്ങളുടെയും പാത്രവും, മനുഷ്യ ജീവിതത്തിന്റെ മൂല ധനവുമാണത്‌, അത്‌ സ്വര്‍ണ്ണമല്ല. മുത്തല്ല, പവിഴമല്ല എല്ലാവിലയുള്ള രത്‌നത്തെക്കാളും വിലയുള്ള വസ്‌തുവാണ്‌ സമയം. ജനിച്ചത്‌ മുതല്‍ മരണം വരെ മനുഷ്യന്‍ കഴിച്ചു കൂട്ടുന്ന സമയമാണ്‌ ജീവിതം. ഹസന്‍ ബസ്വരി പറഞ്ഞു: ഒരുകൂട്ടം ദിനങ്ങള്‍ ആണ്‌ താങ്കള്‍. ഒരു ദിവസം പോയാല്‍ താങ്കളില്‍ ചില ഭാഗം പോയിതീര്‍ന്നു. സമയത്തിന്റെ വില മനസ്സിലാക്കാന്‍ മിനക്കെടാത്ത മനുഷ്യന്‍ പിന്നീട്‌ അതിന്റെ വില അറിയാതിരിക്കില്ല, അതിനാല്‍ ഖേദം ഫലം ചെയ്യാത്ത അവസരം വരുന്നതിന്‌ മുമ്പ്‌ സമയം പാഴാക്കാതെ ശ്രദ്ധിക്കുക.ഒന്നാമത്തെ സമയംമരണം ആസന്നമായ നേരം. മനുഷ്യന്‍ ദുന്‍യാവ്‌ മതിയാക്കി. പരലോകത്തേക്ക്‌ യാത്രതിരിക്കുകയാണ്‌. അല്‌പം സമയം പിന്തിച്ചു കിട്ടിയെങ്കില്‍ എന്ന്‌ മനുഷ്യര്‍ ചിന്തിക്കുന്ന സമയം. നല്ലത്‌ ചെയ്യാന്‍ നഷ്‌ടം വീണ്ടെടുക്കാന്‍. ക്വുര്‍ആന്‍ പറയുന്നു.സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും, സന്താനങ്ങളും അല്ലാഹുവെ പറ്റിയുള്ള സ്‌മരണയില്‍ നിന്ന്‌ നിങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാതിരിക്കട്ടെ. ആര്‍ അങ്ങിനെ ചെയ്യുന്നുവോ അവര്‍ തന്നെയാണ്‌ നഷ്‌ടക്കാര്‍. നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിന്‌ മുമ്പായി നിങ്ങള്‍ക്ക്‌ നാം നല്‍കിയതില്‍ നിന്ന്‌ നിങ്ങള്‍ ചിലവഴിക്കുക. അന്നേരത്ത്‌ അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്റെ രക്ഷിതാവേ, അടുത്ത ഒരവധിവരെ നീ എനിക്ക്‌ എന്താണ്‌ നീട്ടിത്തരാത്തത്‌? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്‌. (അല്‍ മുനാഫികൂന്‍ : 9, 10)ഈ അഭ്യര്‍ഥന ഒട്ടും പരിഗണിക്കാത്ത മറുപടിയാണ്‌ അല്ലാഹുവിങ്കല്‍ നിന്നും ഉണ്ടാകുന്നത്‌.ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടിക്കൊടുക്കുകയേയില്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്‌മമായി അറിയുന്നവനാകുന്നു. (മുനാഫികൂന്‍ : 11)രണ്ടാത്തെ സമയംപരലോകത്ത്‌ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി പ്രതിഫലം നല്‍കപ്പെടുന്ന ദിവസം. നന്മ ചെയ്‌തവര്‍ സ്വര്‍ഗ്ഗത്തിലും, തിന്മ ചെയ്‌തവര്‍ നരകത്തിലും പ്രവേശിപ്പിക്കപ്പെടുന്നു. അന്നേരം നിഷേധികള്‍ വേദനപ്പെടുന്ന ദയനീയ രംഗം. ഒന്ന്‌ തിരിച്ചു പോയി നല്ലത്‌ പ്രവര്‍ത്തിച്ചു പുതിയ ജീവിതം ആരംഭിക്കാന്‍ അവര്‍കൊതിക്കുന്നു. ആവശ്യപ്പെടുന്നു. അങ്ങേയറ്റം ഖേധിക്കുന്നു. ഒട്ടും ഫലം ചെയ്യാത്ത സമയമാണത്‌. അല്ലാഹു പറയുന്നു.അവിശ്വസിച്ചവരാരോ, അവര്‍ക്കാണ്‌ നരകാഗ്നി, അവരുടെ മേല്‍(മരണം) വിധിക്കപ്പെടുന്നതല്ല.എങ്കില്‍ അവര്‍ക്ക്‌ മരിക്കാമായിരുന്നു. അതിലെ ശിക്ഷയില്‍ നിന്നു അവര്‍ക്ക്‌ ഒട്ടും ഇളവ്‌ ചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദി കെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുന്നു. അവര്‍ അവിടെ മുറവിളികൂട്ടി(കരഞ്ഞു പറയും): ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങളെ ഒന്ന്‌ പുറത്താക്കിത്തരേണമെ (മുമ്പ്‌) ചെയ്‌തിരുന്നതില്‍ നിന്ന്‌ വ്യത്യസ്‌തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്‌തു കൊള്ളാം. (അപ്പോള്‍ നാം പറയും) ആലോചിക്കുന്നവന്‌ ആലോചിക്കുവാന്‍ മാത്രം നിങ്ങള്‍ക്ക്‌ നാം ആയുസ്സ്‌ തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത്‌ വരികയും ചെയ്‌തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക. അക്രമികള്‍ക്ക്‌ യാതൊരു സഹായിയുമില്ല. (ഫാത്വിര്‍ : 36, 37)ഈ ചോദ്യത്തോടെ അവരുടെ ഉത്തരം മുട്ടി. ഒരു മറുപടിയും അവര്‍ക്കില്ല. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.ദൈവത്തിങ്കല്‍ നിന്നുള്ള നിര്‍ബന്ധ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും അത്‌ പുലര്‍ത്താനുള്ള കാലയളവ്‌ ജീവിത്തതില്‍ ലഭിക്കുകയും ചെയ്‌തവന്റെ ഒരു പ്രതിബന്ധവും സ്വീകാര്യമല്ലതന്നെ. അശ്രദ്ധയില്‍ നിന്നു ഉണരാനും, ചീന്തിക്കാനും, പഠിക്കാനും, ജീവിതത്തില്‍ പകര്‍ത്താനും മതിയായത്ര സമയം അല്ലാഹു അനുവദിച്ചു.അറുപത്‌ വയസ്സ്‌ വരെ ജീവിതത്തില്‍ അവസരം നല്‍കപ്പെട്ടവനോട്‌ അല്ലാഹു പ്രതിബന്ധം ഉന്നയിക്കും. അതെ താങ്കള്‍ക്ക്‌ ചിന്തിക്കാനും പഠിക്കാനും, നല്ലവനായിത്തീരാനും ഞാന്‍ അവസരം നല്‍കിയിട്ടുണ്ട്‌ എന്ന്‌. എന്നിട്ടും സമയത്തോടുള്ള ഒരു മുസ്‌ലിമിന്റെ സമീപനം!! (തുടരും)